Thursday 13 September 2012

പ്രാദേശിക ചരിത്രം

കേരളപിറവിക്കു മുമ്പ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കന്‍ കര്‍ണ്ണാടക ജില്ലയില്‍ ഉള്‍പ്പെട്ടതായിരുന്നു. പടന്ന, ഉദിനൂര്‍ ഗ്രാമങ്ങളില്‍ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടും, തെക്കേ തൃക്കരിപ്പൂര്‍ ഗ്രാമത്തില്‍ തെക്കന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടും വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം നിലനിന്നു.വളരെ പഴയ കാലത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ രാമന്തളി പ്രദേശങ്ങളില്‍ നിന്ന് പഞ്ചായത്തിന്റെ തെക്കന്‍ഭാഗങ്ങളില്‍ കുടിയേറിയവര്‍ കുടില്‍ കെട്ടി താമസം തുടങ്ങിയിരുന്നു.
പഞ്ചായത്തിന്റെ പേരായി ഇന്നറിയപ്പെടുന്ന വലിയപറമ്പ എന്നതിന്റെ പിന്നില്‍ ഉള്ള  ചരിത്രം ഇപ്രകാരമാണ്. ഇവിടെയുള്ള വലിയപറമ്പ് എ.എല്‍.പി.എസ്-ന്റെ തൊട്ടടുത്തായി വളരെ പഴയ കാലം മുതല്‍ നിലനിന്നുവന്ന ഒരു ജുമാഅത്ത് പള്ളിയുണ്ട്. പള്ളിയെയും സ്കൂളിനെയും തൊട്ട് വിസ്തൃതമായ നെല്‍പാടവുമുണ്ടായിരുന്നു. പാടത്തിനു നടുവിലൂടെ സ്കൂളിനെയും പള്ളിയേയും ബന്ധിപ്പിക്കുന്ന വലിയ ഒരു വരമ്പ് അന്നുണ്ടായിരുന്നു. ഈ വലിയ വരമ്പ് ക്രമേണ വലിയപറമ്പ് എന്നായിത്തീര്‍ന്നതാണെന്ന് അനുമാനിക്കപ്പെടുന്നു.
 ഇടയിലക്കാട് പ്രദേശത്തിന്റെ വടക്കുകിഴക്കുഭാഗം മണിയമ്മാട് എന്നാണറിയപ്പെടുന്നത്. ഇടയിലക്കാട് ദ്വീപ് പഴയകാലത്ത് ഉദിനൂര്‍ കോവിലകം ദേവസ്വം വകയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രപാലകന്‍ ഈ പ്രദേശത്ത് സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും ഉദിനൂരിലേക്ക് ദേവന് എഴുന്നള്ളുവാന്‍ ദേവഗണങ്ങള്‍ മണിപ്പീഠം തീര്‍ത്ത് പുഴ കടത്താറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ആ പേരില്‍ നിന്ന് മണിയമ്മാട് ഉത്ഭവിച്ചുവെന്നും ഐതിഹ്യമായി നിലനില്‍ക്കുന്നു.
വലിയപറമ്പ ഗ്രാമത്തില്‍ വടക്കേ അറ്റമായ മാവിലാക്കടപ്പുറം ഒരിയര അഴിമുഖത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വലിയ്യ (മുസ്ളീം മതാചാരങ്ങളില്‍ ശ്രേഷ്ഠനായ വ്യക്തി) യുടെ മയ്യത്ത് വന്ന് അടുക്കുകയുണ്ടായി.മയ്യത്ത് കടല്‍ത്തീരത്ത് വന്ന് അടുക്കുകയും മതാചാരപ്രകാരം മയ്യത്ത് മറമാടുകയും മറമാടിയതിനുശേഷം പലതരം അത്ഭുതങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ അവിടെ ഒരു ചെറിയ പള്ളി പണിയുകയും ചെയ്തു എന്നാണ് ഐതിഹ്യം. വലിയപറമ്പ പ്രദേശം ഒരു കാലത്ത്  ഇന്നത്തെ നീലേശ്വരം പഞ്ചായത്തില്‍പ്പെട്ട അഴിമുഖം വരെ വ്യാപിച്ചുകിടന്ന പ്രദേശമായിരുന്നു. എന്നാല്‍ പ്രസ്തുത പ്രദേശത്ത് വര്‍ഷങ്ങളോളം തുടര്‍ച്ചയായുണ്ടാകുന്ന  കടലാക്രമണത്തില്‍ പള്ളിയുടെ മതിലുകള്‍ വരെ തിരമാലകള്‍ ശക്തിയായി അടിക്കാറുണ്ട്. വലിയ്യയുടെ ഖബറിടവും പള്ളിയും കുത്തി ഒലിച്ചു പോയെങ്കിലും വര്‍ഷങ്ങള്‍ നൂറിലധികം കഴിഞ്ഞിട്ടും ഇന്നും തൈക്കടപ്പുറം അഴിത്തലത്തില്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്. 
 കന്നുവീട് കടപ്പുറത്തെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയകാലത്ത് സ്ഥാപിച്ച ക്ഷേത്രം 1964-ല്‍ കടലെടുത്തു പോയെങ്കിലും ഇന്നുള്ള സ്ഥലത്ത് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ഉത്സവം പഞ്ചായത്തിന്റെയും സമീപപ്രദേശത്തിന്റെയും ജനങ്ങളുടെയെല്ലാം സംഗമമായിത്തീര്‍ന്നു. ജാതിമതഭേദമെന്യേ നേര്‍ച്ചകളും കാണിക്കകളും ജനങ്ങള്‍ അര്‍പ്പിക്കുന്നു. ഇവിടത്തെ പ്രധാന തെയ്യക്കോലമായ ഘണ്ടാകര്‍ണന്‍ സമീപസ്ഥമായ മറ്റൊരു ദേവാലയത്തിലും കാണപ്പെടാത്തതാണ്. മറ്റൊരു പ്രധാനപ്പെട്ട ആരാധനാലയമാണ് ഇടയിലക്കാട് നാഗേശ്വരി കാവ്. ഈ കാവ് അതിവിശിഷ്യങ്ങളായ അനവധി ഔഷധസസ്യങ്ങളുടെ കേന്ദ്രമാണ്. മാത്രമല്ല ചൂരല്‍ക്കാടുകളാല്‍ നിബിഡമായ ഇവിടെ വാനരന്‍മാര്‍  സ്വൈരമായി വസിക്കുന്നു. അവ നാട്ടുകാരില്‍ നിന്ന് പഴങ്ങളും മറ്റും കാവിനു പുറത്ത് വന്ന് സ്വീകരിക്കുന്നു. വന്‍മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാവിന്റെ വടക്കുഭാഗം മത്സ്യബന്ധനം കുലത്തൊഴിലാക്കിയ മുകയ സമുദായക്കാരുടെതാണ്. അവരവിടെ ആരാധനകള്‍ നടത്തി വരുന്നു. നാഗേശ്വരിക്കാവിനകത്ത് എല്ലാവര്‍ഷവും ആയില്യം ഉത്സവനാളില്‍ ഉദിനൂര്‍ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും സംഘങ്ങള്‍ എത്തുകയും നാഗപ്രസാദത്തിനായി പൂജകളും നിവേദ്യ സമര്‍പ്പണവും നടത്തുകയും ചെയ്യുന്നു.
റോഡുഗതാഡതം ഈ പ്രദേശത്ത് വ്യാപകമായി തുടങ്ങിയതോടെ തൃക്കരിപ്പൂര്‍, കടപ്പുറം ഭാഗങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ മാടക്കാല്‍ ദ്വീപില്‍ ആവാസമാരംഭിച്ചു തുടങ്ങി.  ഇടയിലക്കാട് പ്രദേശം പഴയകാലത്ത് നിബിഡവനമായിരുന്നു. ഈ വനപ്രദേശത്ത് കന്നുകാലികള്‍ക്കാവശ്യമായ പുല്ല് ശേഖരിക്കുന്നതിനും വീടു നിര്‍മ്മാണത്തിനാവശ്യമായ മരത്തടികള്‍ക്കുമായി ജനങ്ങള്‍ ബന്ധപ്പെട്ടുതുടങ്ങിയെന്നും ക്രമേണ പുഴയുടെ തീരങ്ങള്‍ വയലുകളായി രൂപാന്തരപ്പെടുകയും കൃഷി ആവശ്യത്തിന് ദ്വീപു പ്രദേശത്ത് ജനവാസം ആരംഭിച്ചുവെന്നുമാണ് പഴമക്കാരുടെ ഭാഷ്യം. ഈ വിവരങ്ങള്‍ക്ക് അടിസ്ഥാനമായി വിശ്വാസ്യത നല്കുന്നത് ഇന്ന് ഇടയിലക്കാട്ടില്‍ കാവ് എന്ന സങ്കല്‍പ്പത്തില്‍ സംരക്ഷിച്ചുപോരുന്ന മിനിവനം ആണ്. പഴയ കാലത്ത് നിബിഡവനമായിരുന്നുവെന്ന ചൊല്ലിന് ഈ കാവില്‍ക്കാണുന്ന മര്‍ക്കടക്കൂട്ടം വിശ്വാസ്യതയേറ്റുന്നു. വന്‍മരങ്ങള്‍ കാവിനകത്ത് ഇന്നുമുണ്ട്. കൂടാതെ നിബിഡവനങ്ങളില്‍ കാണപ്പെടുന്ന ചൂരല്‍ക്കാടുകളും ഔഷധസസ്യങ്ങളും ഈ കാവിനകത്തുണ്ട്. 
സമുദ്രനിരപ്പില്‍ നിന്ന് 3-4 ഉയരത്തില്‍ കിടക്കുന്ന ദ്വീപാണിത്. ഗതാഗതത്തിന് പഴയ കാലത്ത് കൊറ്റി-പെരുമ്പട്ട ബോട്ട് സര്‍വ്വീസായിരുന്നു ഏക ആശ്രയം. ഈ ബോട്ട് സര്‍വ്വീസ് പറശ്ശിനി, മടപ്പുര മടയന്മാരുടെ ഉടമസ്ഥതയിലായിരുന്നു. ഒളവറ-പയ്യന്നൂര്‍ റോഡ് പാലം, കാര്യങ്കോട് റോഡ് പാലം എന്നിവ അക്കാലത്തില്ലാത്തതിന്റെ പേരില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് പയ്യന്നൂരുമായും നീലേശ്വരവുമായും ബന്ധപ്പെടുന്നതിന് ഈ ബോട്ട് സര്‍വ്വീസ് ഏറെ പ്രയോജനപ്പെട്ടു.
tnxs: lgs kerala

No comments:

Post a Comment